ആനന്ദ ദിനം

സന്തോഷങ്ങൾക്ക് ഏറ്റവും സന്തോഷമുണ്ടാകുന്നത് സന്തോഷിക്കേണ്ടവർ സന്തോഷിക്കുമ്പോഴാണ് എന്ന് പറയാറുണ്ട്. ദുനിയാവിലെ എല്ലാവരും സന്തോഷിക്കേണ്ടവർ തന്നെയാണ്. എങ്കിലും നമ്മുടെ സന്തോഷ നിമിഷങ്ങളെ മറ്റുള്ളവരുടെ സന്തോഷത്തിന് കൂടി കാരണമാകുന്നതാക്കി മാറ്റുക എന്നത് ഒരു അത്ഭുതമാണ്..

Abhiraj Naduvil
Jaya Karthi

പറഞ്ഞ് വരുന്നത് Better life foundation ന്റെ ആഭിമുഖ്യത്തിൽ ഇന്നത്തെ ക്രിസ്തുമസ് ദിനത്തിൽ ഗവ.ചിൽഡ്രൻസ് ഹോം (പരവനടുക്ക) ൽ നടത്തിയ പരിപാടിയിലൂടെയുണ്ടായ സന്തോഷ നിമിഷങ്ങളെ കുറിച്ചാണ്..
ചിത്രം വരയും നാടൻ പാട്ടും ഒക്കെയുമായി ആനന്ദം അലതല്ലിയ നിമിഷങ്ങൾ.. ആനന്ദങ്ങൾ അത്രമേൽ ആത്മാർത്ഥമാകുമ്പോൾ ആത്മാവ് നിലനിൽക്കും കാലം വരേയ്ക്കും അത് തുടരുമത്രേ… തങ്ങളുടെ ജീവിതത്തിലെ നിമിഷങ്ങളെ ആ കുഞ്ഞു മക്കളോടൊത്ത് ചിലവഴിക്കാൻ  മനസ്സ് കാണിച്ച ഓരോരുത്തരോടും നിറഞ്ഞ സ്നേഹം.. അവരുടെ കൂടെ നിന്ന് വരക്കുന്നു, വരയിലും വഴിയിലും നിറങ്ങൾ പടർന്നു കേറിയ നിമിഷങ്ങൾ.. അവരുടെ കൂടെ ചേർന്ന് നാടൻപാട്ടുകൾ പാടുന്നു, പാടിയ പാട്ടിലും പാടാത്ത പാട്ടിലും താളങ്ങൾ തുടികൊട്ടിയ നിമിഷങ്ങൾ… അവർ ചിരിക്കുന്നു, ചിരി പടരുന്നു.. അവർ പാടുന്നു പാട്ടും പടരുന്നു.. സർവോപരി ഈ ക്രിസ്തുമസ് ദിനം ഓർമകളിൽ നിറയാൻ എല്ലാ ചേരുവയും നിറഞ്ഞതാകുന്നു..

Preetha Teacher

പിന്നെയും പറയുന്നു, നമ്മുടെ സന്തോഷം മറ്റുള്ളോരുടെ സന്തോഷത്തിനു കൂടി കാരണമാകുമ്പോൾ ആ സന്തോഷത്തിന് ബല്ലാത്ത സന്തോഷമാ…

Christmas Cake cutting

ബെറ്റർ ലൈഫ് ഫൗണ്ടേഷനോടും ഇതിന് അനുമതി നൽകിയ ചിൽഡ്രൻസ് ഹോം ഉദ്യോഗസ്ഥരോടും നിറഞ്ഞ കടപ്പാട്, ചിരി പടർത്തിയതിന്, അകലുന്ന കാലത്ത് അരികിൽ ചേർത്തതിന്, സന്തോഷദിനത്തെ സന്തോഷത്താൽ നിറച്ചതിന്ന്.

കുട്ടികൾ വരച്ചതിൽ നിന്നും തിരഞ്ഞെടുത്തവ

✍️സഹദ് പി.എസ്

Advertisement

വൃദ്ധസദനങ്ങൾ പെരുകാതിരിക്കട്ടെ…!

കാസർകോട് ജില്ലയിലെ പരവനടുക്കത്തുള്ള ഗവ. വൃദ്ധ മന്ദിരത്തിൽ പാട്ടും ചിരിയുമായി കുറച്ചു മണിക്കൂർ കൂടാതെ 64 പേരടങ്ങുന്ന അദ്ധേവാസികൾക്ക് ബെറ്റർ ലൈഫ് ഫൗണ്ടേഷന്റെ വക ഉച്ചയ്ക്കൊരൂണ്, ഒപ്പം നമ്മളും അവർക്കൊപ്പം.

പരിപാടിയിൽ പങ്കെടുത്ത കീർത്തി ജ്യോതിയുടെ കുറിപ്പ്.

“ഒരുവനെ വളർത്തി വലുതാക്കാൻ അവൻറെ മാതാപിതാക്കൾ സഹിക്കുന്ന ത്യാഗങ്ങളെ കുറിച്ച്‌ ഒരിക്കലെങ്കിലും അവനോട് സംസാരിച്ചാൽ ഈ ലോകത്ത് വൃദ്ധസദനങ്ങൾ ഇതു പോലെ ഉണ്ടാവില്ലായിരുന്നു” – രതീഷ് രാജു

മക്കളാൽ ഉപേക്ഷിക്കപ്പെട്ടവർ മാത്രമല്ല, വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോയവരുമുണ്ടായിരുന്നു അവിടെ- Govt. Old Age Home, Paravanukkam, Kasaragod, Kerala

വേണോ വേണ്ടയോ എന്ന ചിന്താകുഴപ്പത്തിൽ നിന്നും വേണം എന്ന മറുപടിയിലെത്താൻ ഒരുപാടാലോചിക്കേണ്ടി വന്നു. കാരണം, കണ്ണുനീർ ഗ്രന്ഥികൾക്ക് അത്ര തൊലിക്കട്ടിയൊന്നുമില്ലാത്തതിനാൽ വേദന വിലകൊടുത്ത് വാങ്ങുന്നതുപോലെയാകുമോ ഈ സന്ദർശനം എന്ന് ഞാൻ ഭയന്നു. പക്ഷെ, പ്രായമേറെയായ അച്ഛമ്മയെ അച്ഛനും അമ്മയും ചെറിയച്ഛനും ചെറിയമ്മയുമടങ്ങുന്ന മക്കളും മരുമക്കളും ഒരു കുഞ്ഞിനെപ്പോലെ തന്നെ, അല്ലെങ്കിൽ അതിലും കരുതലോടെ ശുശ്രൂഷിക്കുന്നത് കാണുമ്പോൾ, ഞാനടങ്ങുന്ന ഇന്നത്തെ തലമുറയ്ക്ക് കൈമോശം വന്നു പോയേക്കാവുന്ന ഒന്നായി മാതാപിതാക്കളോടുള്ള സ്നേഹം മാറുന്നുവോ എന്ന ഭയവും, ഒരു മനുഷ്യൻ എന്ന നിലയിൽ ഒരിക്കലെങ്കിലും വൃദ്ധസദനം സന്ദർശിക്കണമെന്നുമുള്ള ആഗ്രഹവും കൊണ്ട് തന്നെ പോകാമെന്ന് തീരുമാനിച്ചു.

ഗേറ്റ് തുറന്ന് കയറിച്ചെന്നപ്പോൾ തന്നെ പുൽക്കൂടും ഉണ്ണിയേശുവുമുണ്ടായിരുന്നു. പിന്നെ വിദൂരതിയിലെവിടെയോ കണ്ണുനട്ടിരിക്കുന്ന ഒരുപ്പയും . അന്തേവാസികളുടെ എണ്ണവും ഇന്നത്തെ സദ്യ “ബെറ്റർ ലൈഫ് ഫൗണ്ടേഷൻ” വക ആണെന്നും അതിനു താഴെ നന്ദി എന്ന രണ്ടക്ഷരവുമുള്ള ഒരു ബോർഡ് കണ്ടു. വെറുതെ പറഞ്ഞു തള്ളാറുള്ള സോറി, താങ്ക്സ് എന്നതിനപ്പുറം ആ രണ്ടക്ഷരത്തിന് ഒരുപാട് കാതലുണ്ടെന്ന് തോന്നി.

സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങളെ പോസിറ്റീവ് ആയി കാണാനുള്ള ഒന്നായി മാത്രം ഇതിനെ കാണുക, സങ്കടപ്പെടാതിരിക്കുക. ശരി . അങ്ങനെയാകട്ടെ… ഒന്നുമറിയാത്ത ഒരു സ്ഥാപനത്തിൻറെ പ്രവർത്തനത്തെക്കുറിച്ചറിയാൻ സൂപ്രണ്ടിൻറെ മുറിയിലേക്ക് ചെന്നു- ഒറ്റയ്ക്ക് തന്നെ. പ്രവർത്തനങ്ങളെക്കുറിച്ച് തനിക്കറിയാവുന്നത് സെബാസ്റ്റിയൻ സാർ പറഞ്ഞ് തന്നു. ഉച്ച ഭക്ഷണത്തിനുള്ള ബെല്ലടിച്ചു. ഓരോരുത്തരും അവരവരുടെ പ്ലേറ്റുകളെടുത്ത് ഭക്ഷണശാലയിലേക്ക് നടന്നു. അങ്ങോട്ടു നടക്കുന്നതിനിടയിൽ, കവിതകളെഴുതുന്ന ആ അമ്മയെ കണ്ടു. വല്ലാത്തൊരു പോസിറ്റീവ് വൈബ് ആയിരുന്നു ആ മുഖത്ത്.. ഒരു കവിയൂർ പൊന്നമ്മ ഫീൽ… ഇത്രയും ഐശ്വര്യം നിറഞ്ഞ ഈ അമ്മയെ ഉപേക്ഷിച്ചു കളയാൻ ആർക്കാണ് തോന്നിയതെന്ന് ഞാൻ മനസിൽ പഴിച്ചു. ഭക്ഷണം വിളമ്പി കൊടുക്കാൻ ഞങ്ങളും കൂടി. അച്ചാർ വേണോ എന്ന് ഒരമ്മയോട് ചോദിച്ചപ്പോൾ” മമ്മിക്ക് അച്ചാർ വേണ്ട, മമ്മി കഴിക്കില്ല” എന്ന് ഒരു ചേച്ചി പറഞ്ഞു. കയറി വന്നപ്പോൾ കണ്ട, വിദൂരതയിലേക്ക് കണ്ണു നട്ടിരുന്ന പ്രായമേറെയായ ആ മനുഷ്യനെ ” ഉപ്പാ…” എന്ന് വിളിച്ച് കടന്നു പോയ അതേ ചേച്ചി… അവിടെ ഓരോരുത്തർക്കും ഓരോ പേരുകളുണ്ട്. വിളമ്പി കൊടുത്ത ഭക്ഷണത്തിന് മുന്നിൽ വച്ച് സെബാസ്റ്റിയൻ സാർ ഞങ്ങളെ പരിചയപ്പെടുത്തി. ” ഇന്നത്തെ സദ്യ ഇവരുടെ വകയാണ്.. നമുക്കിവർക്കു വേണ്ടി ഒരു മിനുറ്റ് പ്രാർത്ഥിക്കാം…” എല്ലാവരും എഴുന്നേറ്റു നിന്ന് പ്രാർത്ഥിച്ചു. ഞങ്ങൾക്ക് വേണ്ടി മാത്രമല്ല, ഞങ്ങളോടൊപ്പം കൈകോർത്തു പിടിച്ച് കൂടെ നിന്ന നിങ്ങൾക്കും കൂടി വേണ്ടിയാണ്… രോമകൂപങ്ങളൊക്കെയും എണീച്ചു നിന്ന് കണ്ണിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടി. പെട്ടന്ന് ഉള്ളിലെവിടെയോ ആഞ്ഞു വീശിയ കൊടുങ്കാറ്റ് വന്ന് മഴക്കാർ മായ്ച്ചു കളഞ്ഞു. 42 പേരിൽ പതിനഞ്ചോളം പേർ മാത്രമേ ഉണ്ടായിരുന്നുള്ളു അവിടെ ഭക്ഷണം കഴിക്കാൻ. മറ്റുള്ളവർ കിടപ്പിലാണ്. മനഃപൂർവ്വം തന്നെ അങ്ങോട്ടു ചെന്നില്ല.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് പിന്നെയും ആ അമ്മയുടെ അടുത്തിരുന്നു. ഈ ഭൂമിയിൽ ഒന്നും, ഒരു ബന്ധവും ശാശ്വതമല്ല എന്നർത്ഥം വരുന്ന ഒരു കവിത പാടിത്തന്നു. വൃദ്ധസദനത്തിൽ കുടുംബശ്രീയും യോഗ ക്ലാസ്സും സാക്ഷരത ക്ലാസ്സും ഒക്കെയുണ്ടെന്ന് പറഞ്ഞു തന്നു. പിന്നെ പതുക്കെ ജീവിതത്തിൻറെ പുസ്തകം നമ്മുടെ മുൻപിൽ തുറന്നു വച്ചു.

കുട്ടിയമ്മ…..

24 വയസ് മാത്രം പ്രായമായ ഒരേയൊരു മകൻ വാഹനാപകടത്തിൽ മരിച്ചു! ബാങ്ക് ലോണെടുത്ത് രണ്ടേക്കറിലധികം വരുന്ന പറമ്പിൽ നിറയെ തെങ്ങിൻ തൈകൾ വച്ചു പിടിപ്പിച്ചിട്ടെ ഉള്ളു. ആദായമൊന്നും കിട്ടിത്തുടങ്ങിയിട്ടില്ല. മകൻറെ മരണം അനാഥമാക്കിയ ഒരച്ഛനും അമ്മയും. വേദനയുടെ തീരാക്കടലിൽ ബാങ്ക് ലോൺ എന്ന ബാധ്യത കൂടിയായപ്പോൾ ആ അച്ഛൻറെ സമനില നഷ്ട്ടപ്പെട്ടു, മനോരോഗിയായി. ഒരിത്തിരി നാളുകളുടെ ചികിത്സയ്ക്ക് ശേഷം അച്ഛനും പോയി മകൻറെ അടുത്തേയ്ക്ക്. ഒരിക്കൽ കൂടി ആ അമ്മ ഒറ്റപ്പെട്ടു പോയി. ആധാരം ബാങ്കിലായത് കൊണ്ട് സ്ഥലം വിൽക്കാൻ കഴിഞ്ഞില്ല. രണ്ടു വർഷത്തോളം ആങ്ങളമാരുടെയും അനിയത്തിമാരുടെയും വീട്ടിൽ മാറി മാറി താമസിച്ചു. പിന്നെ വയസുകാലത്ത് അവർക്ക് ബാധ്യത ആകേണ്ടല്ലോ എന്നോർത്ത് എങ്ങോട്ടെന്നില്ലാതെ ഇറങ്ങി . ആകെ സമ്പാദ്യമായുണ്ടായിരുന്ന കുറച്ചു സ്വർണം അനിയത്തിയുടെ മകൾക്ക് കൊടുത്തു. എങ്ങോട്ട് പോകാണമെന്നറിയാതെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്. ഒരു രാത്രി തങ്ങാൻ വേണ്ടി ഒരു അസുഖമുണ്ടാക്കി പറഞ്ഞ് അത്യാഹിത വിഭാഗത്തിൽ കിടന്നു. അവിടെ നിന്നിറങ്ങി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്. അവിടെയും ഒരു രാത്രി. ഇതിനിടയിൽ ഞാൻ കുട്ടിയമ്മയാണെന്ന ഏക തെളിവായിരുന്നു ആധാർ കാർഡടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടു. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് തോന്നിയപ്പോൾ മരണത്തെക്കുറിച്ചാലോചിച്ചു. എങ്ങോട്ടെന്നറിയാതെ ഓരോ നാളും ഓരോ യാത്രകൾ. ഒരു ദിവസം ഗുരുവായൂർ ബസ് കയറി ഗുരിവായൂരപ്പനെ കാണാൻ പോയി.. നടയ്ക്കൽ നിന്ന് കരഞ്ഞു കൊണ്ട് ഉറക്കെ പറഞ്ഞു….” ദൈവം എന്നൊരു ശക്തിയില്ല, ഉണ്ടായിരുന്നുവെങ്കിൽ എങ്ങോട്ട് പോകാണമെന്നറിയാതെ എനിക്കിങ്ങനെ നിൽക്കേണ്ടി വരില്ലായിരുന്നു…”

ഈഎന്തു ചെയ്യണമെന്നറിയാതെ, എങ്ങോട്ടെന്നില്ലാതെ ട്രെയിൻ കയറി. ടിക്കറ്റെടുക്കാതെ തന്നെ! ടിക്കറ്റന്വേഷിച്ചു വരുമ്പോൾ , ആധാർ കാർഡ് ചോദിക്കുമ്പോൾ തൻറെ നിസ്സഹായാവസ്ഥ അവരോടെങ്കിലും പറയാമല്ലോ എന്നോർത്തു . പക്ഷെ ഒൻപതു ദിവസം… തുടർച്ചയായ ഒൻപതു ദിവസം മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്തിട്ടും ഒരാളും അന്വേഷിച്ചില്ല. ഒരാള് പോലും ചോദിച്ചില്ല, ‘അമ്മ എങ്ങോട്ടാണ്, ഒറ്റയ്ക്കാണോ എന്നൊന്നും…. ആരും ചോദിക്കില്ല, കാരണം ഈ പോക്ക് പോയാൽ നമ്മളെങ്ങോട്ടാണ് പോകുന്നത് എന്ന് പോലും നമ്മൾക്കറിയില്ല, പിന്നെയല്ലേ മറ്റുള്ളവരുടെ കാര്യം….

വെറും കുപ്പി വെള്ളത്തിൽ മാത്രം വിശപ്പും ദാഹവും ശമിപ്പിച്ച ഒൻപതു ദിവസങ്ങൾ. മരിക്കാൻ തീരുമാനിച്ച് രണ്ട് മെഡിക്കൽ കോളേജിൽ നിന്നും കിട്ടിയ ഗുളികകൾ ഒന്നിച്ച് കഴിച്ചു. പക്ഷെ അപ്പോഴും ആ അമ്മയെ കൂടെ കൂട്ടാൻ മരണത്തിനു തീരെ താല്പര്യം ഇല്ലായിരുന്നു. കഴിച്ച ഗുളികകൾ ഒക്കെയും ഛർധിച്ചും പോയി.

പത്താമത്തെ ദിവസം പ്ലാറ്ഫോമിൽ തളർന്ന് മയങ്ങിയിരിക്കുമ്പോൾ ഏതോ ഒരു പെൺകുട്ടി വിളിച്ചുണർത്തി ചോദിച്ചു… ‘അമ്മ ഒറ്റയ്ക്കാണോ… എങ്ങോട്ടാ….. ? ( നന്മ വറ്റിയിട്ടില്ലാത്ത ചിലരെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന് നമുക്കാശ്വാസിക്കാം) അതേ … ഞാൻ ഒറ്റയ്ക്കാണ്.. പക്ഷെ എങ്ങോട്ടാണ് എന്നറിയില്ല. നിസ്സഹായാവസ്ഥ മനസിലാക്കിയ ആ കുട്ടി പറഞ്ഞു ഇനി എങ്ങോട്ടും പോണ്ട, ഗവ. വൃദ്ധ മന്ദിരത്തിലേക്ക് പൊയ്ക്കോളൂ… ഇനി അവിടെ താമസിക്കാം… മരിക്കാൻ തീരുമാനിച്ചുറപ്പിച്ചവൾക്ക് ആ വാക്കുകൾ പക്ഷെ ഒട്ടും തന്നെ ആശ്വാസം പകർന്നില്ല. ഞാൻ പോയേക്കാം എന്ന് പറഞ്ഞ് പിന്നെയും കണ്ണടച്ചിരുന്നു. പക്ഷെ ആ കുട്ടി വിട്ടുകളയാൻ തയ്യാറല്ലായിരുന്നു. ഏതോ ഒരദൃശ്യ ശക്തി കൂടെയുള്ളത് പോലെ കുട്ടിയമ്മ എണീച്ചു ട്രെയിൻ കയറി.. ആരോ കൈ പിടിച്ചു കയറ്റി. ദിക്കറിയാതെ ദിശയറിയാതെ ആരുടെയൊക്കെയോ നന്മ കൊണ്ട് കുട്ടിയമ്മ വൃദ്ധ മന്ദിരത്തിലെത്തി. തിരിച്ചറിയൽ രേഖകൾ യൊന്നുമില്ലാത്തതിനാൽ സ്വന്തം കൈപ്പട കൊണ്ട് എഴുതിയ സാക്ഷ്യപത്രം കൊണ്ട് കുട്ടിയമ്മ പിന്നെയും കുട്ടിയമ്മയായി….!! അന്ന് വൈകുന്നേരം നാലു മണിക്കുള്ള ചായയും കുടിച്ച് കിടന്ന് യാത്ര ക്ഷീണം കൊണ്ടും തുടർച്ചയായ യാത്ര കൊണ്ട് നീരു വച്ച കാലുകളിലെ വേദന കൊണ്ടുമൊക്കെ എണീച്ചത് അടുത്ത ദിവസം രാവിലെ ആയിരുന്നു. ചുറ്റും കൂടി നിൽക്കുന്ന മറ്റ്‌ അന്തേവാസികൾ. എല്ലാവർക്കുമറിയണം.. പേരെന്താ വീടെവിടാ… ജാതിയേതാ എന്നൊക്കെ…. ഞാൻ കുട്ടിയമ്മ, ജാതി… മനുഷ്യ ജാതിയാണ്…. Point to be Noted. ആത്മാർത്ഥ പ്രണയത്തെ പോലും ചുട്ടെരിച്ചു കൊല്ലാൻ വെമ്പുന്ന ഇന്നത്തെ രക്ഷിതാക്കൾ ശ്രദ്ധിക്കുക, പ്രായമേറെയായ ഒരമ്മ പറയുന്നു, ഞാൻ മനുഷ്യ ജാതിയാണ്…. ഇങ്ങനെ എല്ലാവരും മനുഷ്യനെന്ന ജാതിയിലും മനുഷ്യത്വമെന്ന മതത്തിലും വിശ്വസിച്ചിരുന്നുവെങ്കിൽ ഈ ഭ്രാന്താലയത്തിനു പകരം ഇവിടെ സ്വർഗം പിറന്നേനെ….

പതുക്കെപ്പതുക്കെ കുട്ടിയമ്മ പുതിയ ചുറ്റുപാടുകളോട് ഇണങ്ങി. കവിതകളെഴുതി… ഇതു വരെ എഴുതിയാതൊക്കെയും ക്ലബ്ബ്കാരു കൊണ്ട് പോയി, പുസ്‍തകമാക്കാൻ. പറയാനേറെയുണ്ട് കുട്ടിയമ്മയ്ക്ക്… കേട്ടു കഴിയുമ്പോൾ കണ്ണ് നിറയാതിരിക്കാൻ നന്നേ പാടുപെട്ടു.

മരണാനന്തര ജീവിതമുണ്ടോ എന്നെനിക്കറിയില്ല. ഇത് വരെ അങ്ങനെ വിശ്വസിച്ചിട്ടില്ല. പക്ഷെ, അങ്ങനെ എന്തെങ്കിലുമുണ്ടെങ്കിൽ കുട്ടിയമ്മയുടെ മകൻ ഇപ്പോൾ സന്തോഷിച്ചു കാണും. അതുകൊണ്ടാവാം ചേർത്തു പിടിച്ച് കവിളിലൊരുമ്മ കൊടുക്കുമ്പോൾ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരേട്ടൻറെ മുഖം എൻറെ മനസ്സിൽ തെളിഞ്ഞത്… ആ മകന് വേണ്ടി, ഒരു മകളായോ കൊച്ചു മകളായോ ഒരിക്കലെങ്കിലും ആ കവിളിൽ ചുണ്ടമർത്താൻ കഴിഞ്ഞതിൽ ഞാനും സന്തോഷിച്ചു. മോനെയും കൂട്ടി ഇനിയൊരിക്കൽ വരണമെന്നു പറയുമ്പോൾ ആ കൈകൾ അമർത്തി ചുംബിച്ച് ഞാൻ പറഞ്ഞു- തീർച്ചയായും വരാം! ചെന്നു കയറുമ്പോൾ തോന്നിയ അപരിചിതത്വമൊന്നും തോന്നാതെ ഇറങ്ങി നടക്കുമ്പോൾ പിന്നിൽ മധുസൂദനൻ നായരുടെയോ ഒഎൻവിയുടെയോ എന്നറിയാത്ത ഏതോ വരികൾ പ്രതിധ്വനിച്ചു കേട്ടു… അതേ… കുട്ടിയമ്മ പാടിക്കൊണ്ടേയിരുന്നു…. ഒന്നും…. ഈ ഭൂമിയിൽ ശാശ്വതമല്ല….. ഞാനും… നിങ്ങളും…. ഒന്നും……!!

– കീർത്തി ജ്യോതി

“മുകിൽ തോപ്പ്” – ജൈവ പച്ചക്കറി തോട്ടം

അന്താരാഷ്ട്ര സന്നദ്ധ സേവന ദിനത്തിൽ കാസർകോട് ജില്ലയിലെ പരവനടുക്കം ഗവഃ ചിൽഡ്രൻസ് ഹോമിൽ
ബെറ്റർ ലൈഫ് ഫൗണ്ടേഷൻ, സന്നദ്ധ സേവകരെ പ്രോത്സാഹിപ്പിക്കുന്ന ഫയർഫ്ളൈസ് എന്ന സംഘടനയുമായി സഹകരിച്ചു “മുകിൽ തോപ്പ്” എന്ന പേരിൽ പച്ചക്കറി തോട്ട നിർമ്മാണം ആരംഭിച്ചു.

Kasaragod district, Kerala

✍️സഹദ്. പി.എസ്.

പച്ചക്കറിത്തോട്ടം എന്നൊക്കെ പറഞ്ഞ് പോയവർക്ക് ഒരു വസന്തം തന്നെ സമ്മാനിച്ച ദിനം.. കൂട്ടിയിട്ട മൺകൂനയ്ക്കു മേൽ ആഴ്ന്നിറങ്ങിയ കപ്പക്കമ്പിലേറെ ഖൽബിലേക്ക് ആഴ്ന്നിറങ്ങിയ പുഞ്ചിരികൾ… ചിൽഡ്രൻസ് ഹോമിലെ ഓരോരുത്തരുടേയും സന്തോഷത്തിന് ഒരു തരിയെങ്കിലും കാരണക്കാരാവാൻ നമുക്കായെങ്കിൽ നമ്മുടെ വസന്തം പൂക്കാൻ അത്രയും മതി🌸🌸 (ഇന്നത്തെ മുകിൽ തോപ്പ് പദ്ധതിക്ക് ചിന്തിച്ചവരും ചിന്തയ്ക്ക് പിന്തുണച്ചവരും ആ കുഞ്ഞുമക്കളുടെ സന്തോഷത്തിന് കാരണക്കാരായതിലൂടെ അനുഗ്രഹീതരാണ്)

പച്ചക്കറി വിത്തിട്ടതും, കപ്പ നട്ടതും മാത്രമല്ലാതെ അവിടുത്തെ ഒരോ കുട്ടികളോടും ചേർന്ന് ക്രിക്കറ്റും ഫുട്ബോളും കളിക്കുമ്പോൾ അവർക്കുണ്ടായ ആവേശം, സന്തോഷം 🤗🤗🤗 ഗ്യാലറിയിൽ മിന്നാമിന്നിക്കാണികൾ.. നിറഞ്ഞ കയ്യടികൾ.. കമന്ററി.. പോരാതെ കുറേ കമന്റുകളും.. ശ്ശെന്റെ പടച്ചോനേ പൊളി🥳🥳🥳🥳

നാം വിതറിയ വിത്തുകൾ സ്നേഹത്താൽ പൂക്കട്ടെ.. അവിടുത്തെ ഓരോ കുട്ടികളും അത്രമേൽ സന്തോഷിച്ചിട്ടുണ്ട്.. (ആരുമില്ലാത്തവരായി ആരുമില്ല.. സന്ദർഭവശാൽ അവിടുത്തെ ഒരു സ്റ്റാഫിനോട് കുട്ടികളെ ചൂണ്ടി ” അപ്പോൾ ഇവർക്കൊന്നും ആരുമില്ലേ ? ” എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ” അവർക്ക് നമ്മളൊക്കെയുമുണ്ട് എന്നാണ്.. ആ നമ്മളിൽ ഈ നമ്മളും പെടണം..
💫 കുഞ്ഞു പിള്ളാരായ അലനും ഇബ്രാഹിമൊക്കെ പൊട്ടിപ്പോയ പല്ലും പുറത്ത് കാണിച്ച് ചിരിക്കണത് കാണാൻ തന്നെ വല്ലാത്ത മൊഞ്ചാ.. നമുക്കിനിയും ആ ചിരിയുടെ അരികാവണം..

ഒടുവിൽ വരാൻ നേരം അവർ പറഞ്ഞത് “ഇനിയും വരണേ” എന്നാണ്.. അവർ അത്രയും സന്തോഷിച്ചതിൽ നമുക്കത്രയും സന്തോഷിക്കാം..
ഇതൊരു തുടക്കമോ ഒടുക്കമോ അല്ലാതെ നമുക്കീ തുടർച്ചയുടെ ഭാഗമാവാം.. വരൾച്ച തീണ്ടാത്ത സ്നേഹ വസന്തമാവാം..

ആവർത്തിക്കുന്നു, ആരുമില്ലാത്തവരായി ആരുമുണ്ടാവരുത്

🌸🌸🌸🌸🌸
കടപ്പാടുണ്ട് ഓരോരുത്തരോടും🌸🤍 നമുക്കീ ചില്ല കളിലൂടെ ഇനിയും പൂക്കാം
🌸🌸🌸🌸🌸

✍️സഹദ്. പി.എസ്.

Sahad PS